Reading Problems? Click Here


രാഷ്ട്രീയ നേരിടല്‍ - കോടതിയോടും...

ജനുവരി 28ന് മാതൃഭൂമി പത്രത്തില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എഴുതിയ ലേഖനം. ഇതില്‍ പറഞ്ഞിരിക്കുന്നതെല്ലാം എന്റെ അഭിപ്രായങ്ങളല്ല, എന്റേത് ഞാന്‍ വഴിയേ പറയാം.
രാഷ്ട്രീയമായി നേരിടുമ്പോള്‍

അടിയന്തരാവസ്ഥയിലേക്കു നയിച്ച അമിതാധികാര പ്രവണതകളുടെയും വ്യക്തിവാഴ്‌ചയുടെയും ഗ്രഹണബാധയാണ്‌ കേരളസമൂഹത്തിനു മുകളില്‍ ഇപ്പോള്‍. ''ഇന്ദിരയാണ്‌ ഇന്ത്യ'' എന്ന പഴയ മുദ്രാവാക്യം പുതിയ രൂപത്തില്‍ സി.പി.എം. പുറത്തെടുക്കുന്നു. അധികാരത്തിന്റെ പിന്‍ബലത്തിലുള്ള 'ജനപിന്തുണ'യുടെ സാഗര ഗര്‍ജനത്തിന്‌ ഒരുക്കം കൂട്ടുന്നു. സി.പി.എമ്മിന്റെ ഭാവപ്പകര്‍ച്ച കേരളസമൂഹത്തിന്‌ മുകളില്‍ ഭീകരതയുടെ കാര്‍മേഘ പടലങ്ങള്‍ക്ക്‌ ഇടമൊരുക്കുന്നു ഇടതുപക്ഷം.............

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌


അധികാരം അഴിമതിയിലേക്കും സമ്പൂര്‍ണ അധികാരം സമ്പൂര്‍ണ അഴിമതിയിലേക്കും നയിക്കുമെന്ന്‌ വിഖ്യാതചരിത്രകാരനായ ലോഡ്‌ ആക്‌ടന്‍ പണ്ടേ പറഞ്ഞതാണ്‌. അരനൂറ്റാണ്ടുകാലത്തെ നമ്മുടെ ജനാധിപത്യ ഭരണവ്യവസ്ഥയില്‍ ഇന്ത്യയിലെയും അയല്‍പക്കങ്ങളിലെയും സംഭവങ്ങള്‍ ഇതു നമ്മേ തുടര്‍ച്ചയായി പഠിപ്പിച്ചുപോന്നു.


തിരഞ്ഞെടുപ്പ്‌ അഴിമതി നടത്തിയതിനാണ്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ്‌ അലഹബാദ്‌ ഹൈക്കോടതി റദ്ദാക്കിയത്‌. ജനാധിപത്യത്തിന്റെ കശാപ്പും പാര്‍ലമെന്റിന്റെയും നീതിപീഠങ്ങളുടെയും ഭരണഘടനയുടെ പോലും വന്ധ്യംകരണവും സമ്പൂര്‍ണാധികാര ശക്തികൊണ്ട്‌ നിര്‍വഹിച്ചതിന്റെ കെടുതി അടിയന്തരാവസ്ഥയില്‍ രാജ്യം അനുഭവിച്ചു. പാക്കിസ്‌താനില്‍ പ്രസിഡന്റ്‌ മുഷറഫിന്റെ സര്‍വാധിപത്യ വാഴ്‌ച നിലനിര്‍ത്താന്‍ സുപ്രീം കോടതിക്കു മുമ്പിലേക്ക്‌ സൈനിക ടാങ്കുകള്‍ ഇരച്ചുകയറിയതും ന്യായാധിപന്മാരെ കാരാഗൃഹത്തിലേക്ക്‌ പട്ടാളം വലിച്ചെറിഞ്ഞതും ഈയിടെയാണ്‌.

ഇപ്പോഴിതാ ലാവലിന്‍ കേസ്‌. കേന്ദ്രഭരണവും പട്ടാളവും ജനങ്ങള്‍ സി.പി.എമ്മിനെ ഏല്‌പിച്ചില്ലല്ലോ എന്ന്‌ നമുക്കിപ്പോള്‍ ആശ്വസിക്കാം. അല്ലെങ്കില്‍ എസ്‌.എന്‍.സി. ലാവലിന്‍ കേസിലെ കുറ്റപത്രത്തിന്റെ പേരില്‍ ഈ രാജ്യത്ത്‌ ഈ ദിവസങ്ങളില്‍ എന്തെല്ലാം നടക്കുമായിരുന്നു.....

ഭരണാധികാരത്തിന്റെ പിന്‍ബലത്തിലും മറയിലും അഴിമതി നടത്തുന്നതിന്റെ മാതൃക കാട്ടിത്തന്ന ദേശീയപാരമ്പര്യം തീര്‍ച്ചയായും കോണ്‍ഗ്രസ്സിന്‍േറതാണ്‌. 1950ലാണ്‌ മധ്യപ്രവിശ്യാ ഗവണ്‍മെന്റിന്റെ പൊതുവിതരണമന്ത്രിയായിരുന്ന റാവുശിവബഹാദൂര്‍സിങ്‌ അഴിമതിക്കേസില്‍ ജയിലിലായത്‌. 1952-ല്‍ അധികാരമേറ്റ്‌ ഏഴ്‌ മാസമേ വേണ്ടിവന്നുള്ളൂ ധനമന്ത്രി ഷണ്‍മുഖചെട്ടി അഴിമതിക്കേസില്‍ നെ'ു മന്ത്രിസഭയില്‍ നിന്നു പുറത്താകാന്‍. നേരിട്ട്‌ ബന്ധമില്ലെങ്കിലും മന്ത്രാലയത്തിന്റെ തെറ്റിന്റെ ഉത്തരവാദിത്വം മന്ത്രി പൂര്‍ണമായി ഏറ്റെടുക്കേണ്ടതുണ്ടെന്ന ജസ്റ്റിസ്‌ എം.സി ഛഗ്ലയുടെ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ടി.ടി.കൃഷ്‌ണമാചാരിയോട്‌ രാജിവെക്കാന്‍ നെ'ുവിന്‌ ആവശ്യപ്പെടേണ്ടി വന്നു. ഇവരുടെ പിന്തുടര്‍ച്ചക്കാരായാണ്‌ നാഗര്‍വാലയും ഹര്‍ഷദ്‌ മേത്തയും ചന്ദ്രസ്വാമിയും ക്വത്‌റോച്ചിയുമൊക്കെ കോണ്‍ഗ്രസ്സിലൂടെ ഭരണതലവുമായുള്ള അഴിമതിയുടെ ഗുഹകള്‍ നിര്‍മിച്ചത്‌. ഒടുവിലത്‌ രാജീവ്‌ ഗാന്ധിയുമായി ബന്ധപ്പെട്ട ബൊഫോഴ്‌സ്‌ തോക്കിടപാടുവരെ എത്തി.

ഈ ആരോപണങ്ങളൊക്കെ ഉയര്‍ന്നഘട്ടങ്ങളില്‍ ഇവ തുറന്നുകാട്ടി അഴിമതിക്കാരെ തുറുങ്കിലടപ്പിക്കാനുളള പോരാട്ടം നിയമസഭകളിലും ജനങ്ങളെസംഘടിപ്പിച്ച്‌ പുറത്തും നടത്തിപ്പോന്ന പാര്‍ട്ടിയാണ്‌ അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും സി.പി.എമ്മും. ഇതിന്‌ പാര്‍ട്ടി എന്നും ആധാരമാക്കിയത്‌ ആരോപണങ്ങളാണ്‌. പത്രങ്ങള്‍ ഉന്നയിച്ചവ. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ ഉയര്‍ത്തിക്കാട്ടിയവ. കോടതി ഇടപെടലുകളും അന്വേഷണ റിപ്പോര്‍ട്ടുകളും. സി.പി.എം. സ്വയം ഒരു അന്വേഷണ ഏജന്‍സിയും നീതിപീഠവുമായി തെളിവുകള്‍ ജനങ്ങള്‍ക്ക്‌ മുമ്പില്‍ വെക്കുകയായിരുന്നില്ല. ഒരിക്കലും നീതിപീഠത്തിന്റെ അന്തിമവിധി വരെ സി.പി.എം. കാത്തു നിന്നിട്ടുമില്ല.

രാജന്‍കേസ്‌, പാമോയില്‍ കേസ്‌ എന്നിങ്ങനെ കേരളത്തില്‍ നിന്ന്‌ തുടങ്ങാം. ഹവാല കേസ്‌ തൊട്ട്‌ ബൊഫോഴ്‌സ്‌ വരെയുള്ള ദേശീയ അഴിമതി വിവാദങ്ങള്‍ പരിശോധിക്കാം. സ്വീഡിഷ്‌ റേഡിയോയുടെ വാര്‍ത്താബുള്ളറ്റിനില്‍ നിന്നാണല്ലോ ബൊഫോഴ്‌സ്‌ ഇടപാട്‌ കുംഭകോണമായത്‌. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന്‌ ജനങ്ങള്‍ ധരിച്ചിരുന്ന, 'മിസ്റ്റര്‍ ക്ലീന്‍' എന്ന്‌ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്ന രാജീവ്‌ ഗാന്ധിക്കെതിരെ അഴിമതി വിരുദ്ധസമരം സി.പി.എം. അടക്കം ആരംഭിച്ചത്‌. നെ'ുവും ഇന്ദിരയും നേടിയതിലേറെ കനത്ത തിരഞ്ഞെടുപ്പ്‌ വിജയം ഗാജീവ്‌ ഗാന്ധി നേടിയത്‌ അതിനു തടസ്സമായില്ല.

സി.ബി.ഐ.യുടെ ദൃഷ്‌ടി സമീപകാലത്ത്‌ ബംഗാളിലും കേരളത്തിലും സി.പി.എം. താത്‌പര്യങ്ങള്‍ക്കെതിരെ തിരിയും വരെ, സി.ബി.ഐ. കേസുകളെ വിശ്വാസത്തിലെടുക്കുകയും പ്രതികളെയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പ്രധാനമന്ത്രിമാരെപ്പോലും ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടാന്‍ ബാഹ്യമായ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തു പോന്ന പാര്‍ട്ടിയാണ്‌ സി.പി.എം. കോടതികളുടെ ഇടപെടലുകളും മേല്‍നോട്ടവും സി.ബി.ഐ. കേസുകളെ ശരിയായ വഴിക്കു നയിക്കുന്നു എന്നു വിശ്വസിച്ചും വിശ്വസിപ്പിച്ചും പോന്ന പാര്‍ട്ടി. സംശയമുള്ള ഒരാളെപ്പോലും സി.ബി.ഐ. ഒഴിവാക്കരുതെന്നായിരുന്നു മറ്റു പാര്‍ട്ടി നേതാക്കള്‍ ആരോപണവിധേയരായപ്പോള്‍ എന്നും സി.പി.എം. സ്വീകരിച്ച നിലപാട്‌.

ഹവാല കേസിനു പിറകെ വന്ന കാലിത്തീറ്റ കുംഭകോണക്കേസ്‌ എല്ലാ നിലയ്‌ക്കും ലാവലിന്‍ കേസുമായി താരതമ്യം ആവശ്യപ്പെടുന്നു. ലാലുപ്രസാദ്‌ യാദവിനെ സി.ബി.ഐ. കാലിത്തീററ കേസില്‍ പ്രതിചേര്‍ക്കുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ പങ്കാളികളായ ഐക്യമുന്നണിയും പ്രധാനമന്ത്രി ഐ.കെ. ഗുജറാളുമായിരുന്നു കേന്ദ്രത്തില്‍. ഐക്യമുന്നണിയുടെ അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായിരുന്നു ലാലു പ്രസാദ്‌ യാദവ്‌. കാലിത്തീറ്റ കേസില്‍ ലാലു ഉള്‍പ്പെട്ടതായി സി.ബി.ഐ. മേധാവി ജോഹിന്ദര്‍ സിങ്‌ വെളിപ്പെടുത്തിയപ്പോള്‍ തന്നെ സി.പി.എം. ലാലുവിന്റെ രാജി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാത്രമല്ല ഐക്യമുന്നണിയുടെ അധ്യക്ഷസ്ഥാനത്തു നിന്നുപോലും. ലാലുപ്രസാദ്‌ ജനതാദള്‍ പിളര്‍ക്കുന്നതിലും ഐക്യമുന്നണി തകര്‍ക്കുന്നതിലും ഇതെത്തി. ലാലുപ്രസാദിന്റെ കേസിലെന്ന പോലെ, കേരളഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ്‌, സി.ബി.ഐ. ലാവലിന്‍ കേസ്‌ അന്വേഷണം ഏറ്റെടുത്തത്‌. അതില്‍ നിന്ന്‌ ഭിന്നമായി ലാവലിന്‍ കേസില്‍ ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണവും ഉണ്ടായിരുന്നു. സി.ബി.ഐ. രാഷ്ട്രീയായുധമായെന്ന്‌ വാദിക്കുന്നതിനര്‍ഥം ഹൈക്കോടതി രാഷ്ട്രീയായുധമായെന്നാണ്‌.

എല്‍.ഡി.എഫ്‌ .ഗവണ്‍മെന്റ്‌ അധികാരമേറ്റ്‌ ഏതാണ്ട്‌ ഒരുവര്‍ഷമാകുമ്പോഴായിരുന്നുഹൈക്കോടതി വിധി. 2007 ജനവരി 17-ന്‌. സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നാണ്‌ എല്‍.ഡി.എഫ്‌.ഗവണ്‍മെന്റിന്‌ വേണ്ടി ഹൈക്കോടതിയില്‍ വാദിച്ചത്‌.

ഹൈക്കോടതി നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്‌:

-യു.ഡി.എഫ്‌ .ഗവണ്‍മെന്റ്‌ രാഷ്ട്രീയ പ്രേരിതമായി നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത്‌ സി.ബി.ഐ. അന്വേഷണത്തിനുത്തരവിട്ടു എന്ന വാദം മുഖവിലയ്‌ക്കെടുക്കാവുന്നതല്ല.

-ഭരണത്തിലെ അത്യുന്നതരുടെ അറിവില്ലാതെ ഇത്രയും വലിയ കരാര്‍ ഉറപ്പിക്കുക സാധ്യമല്ല. പരല്‍മീനുകള്‍ക്ക്‌ പകരം ഉന്നതരെ പിടികൂടിയില്ലെങ്കില്‍ നീതിവ്യവസ്ഥ പരിഹാസ്യമാകും.

-സംസ്ഥാന ഗവണ്‍മെന്റിന്റെ സ്വാധീനത്തില്‍ പെടാത്ത സി.ബി.ഐ.യെ പോലുള്ള ഒരന്വേഷണ ഏജന്‍സി കേസ്‌ അന്വേഷിക്കേണ്ടതുണ്ടെന്നാണ്‌ കോടതിക്കു മുമ്പാകെ വന്ന രേഖകള്‍ ആവശ്യപ്പെടുന്നത്‌. കാണാതായ ഫയലുകള്‍ കണ്ടെത്തുകയും വേണം.

ഹൈക്കോടതി വിധിയെ എല്‍.ഡി.എഫ്‌. ഗവണ്‍മെന്റ്‌ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്‌തില്ല. സി.പി.എം. സംസ്ഥാന സെക്രട്ടറി തുടര്‍ പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തു വന്നപ്പോഴാണ്‌ (ഒമ്പതാം പ്രതി) നിയമത്തിന്റെ വഴിവിട്ട്‌ രാഷ്ട്രീയമായി സി.പി.എം. നേരിടുന്നത്‌.

വി.സി.ശുക്ല തൊട്ടുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ നിയമത്തിന്റെ വഴിയാണ്‌ സ്വീകരിച്ചത്‌. പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചാണ്‌ അദ്വാനി ഹവാല കേസ്‌ നേരിട്ടത്‌. ഇന്നദ്ദേഹം എന്‍.ഡി.എ.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ്‌. പിണറായി വിജയനും അങ്ങനെ അഗ്‌നനിശുദ്ധിവരുത്താന്‍ തയ്യാറാകേണ്ടതായിരുന്നു. പാര്‍ട്ടിയെയും എല്‍.ഡി.എഫ്‌. ഗവണ്‍മെന്റിനെയും ആരോപണത്തോട്‌ കൂട്ടിക്കെട്ടി, നീതിപീഠത്തെ വെല്ലുവിളിക്കാതെ. തെറ്റു ചെയ്യാത്തവര്‍ക്കെന്തു ഭയപ്പെടാന്‍. അലഹബാദ്‌ ഹൈക്കോടതിയെ തുടര്‍ന്ന്‌ ഇന്ദിരാഗാന്ധിയും അവരുടെ ഉപദേശകരും സ്വീകരിച്ച ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളാണ്‌ സി.പി.എം. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്‌ കേസ്‌ തെരുവില്‍ നേരിടുക വഴി. സംസ്ഥാന ഗവണ്‍മെന്റിനെ ആയുധമാക്കി.

പിണറായി വിജയന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി മാത്രമല്ല ഗവണ്‍മെന്റ്‌ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സി.പി.എമ്മി.ന്റെ മുഖ്യമന്ത്രിയടക്കമുള്ള അഞ്ചംഗ സമിതിയുടെ ചുമതലക്കാരന്‍ കൂടിയാണ്‌. ആ പദവി ഉപയോഗിച്ച്‌ മുഖ്യമന്ത്രിയെ പാര്‍ശ്വവത്‌കരിച്ച്‌ ഗവണ്‍മെന്റ്‌ -പാര്‍ട്ടി സംവിധാനങ്ങള്‍ കേസ്‌ തകര്‍ക്കുന്നതിന്‌ നഗ്‌നനമായി ഉപയോഗപ്പെടുത്തുന്നു. ഗവണ്‍മെന്റും ഗവര്‍ണരും കോടതിയും പ്രോസിക്യൂഷന്‍ നടപടികളിലേക്കു നീങ്ങുന്നതു വൈകിക്കാനും തടയാനും അടിയന്തര ഇടപെടല്‍ നടത്തി. സി.പി.എം. സെക്രട്ടേറിയറ്റിന്റെയും മുഖ്യമന്ത്രിയൊഴിച്ചുള്ള മന്ത്രിമാരുടേയും സംയുക്തയോഗം വിളിച്ചത്‌ അതിനുള്ള അജന്‍ഡ നിശ്ചയിക്കാനായിരുന്നു. നിയമവാഴ്‌ചയെ ആഭ്യന്തരമന്ത്രിയെക്കൊണ്ടുതന്നെ പരസ്യമായി വെല്ലുവിളിപ്പിച്ചു. പരസ്യവേദിയിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗങ്ങളിലും സത്യപ്രതിജ്ഞ ലംഘിച്ച്‌ ആഭ്യന്തരമന്ത്രി ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തി. പാര്‍ട്ടി സെക്രട്ടറിയെ നിയമനടപടികളില്‍ നിന്നു രക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്‌തു. ലേഖനങ്ങളും പരസ്യപ്രചാരണവുമായി മന്ത്രിമാരെ രംഗത്തിറക്കി. കേസിനെതിരെ 'ബഹുജനാഭിപ്രായ'മുയര്‍ത്താന്‍ ബുദ്ധിജീവികളെയും മാധ്യമങ്ങളെയും മറ്റും സ്വാധീനിക്കാന്‍ ശ്രമം ആരംഭിച്ചു..

അടിയന്തരാവസ്ഥയിലേക്കു നയിച്ച അമിതാധികാര പ്രവണതകളുടെയും, വ്യക്തിവാഴ്‌ചയുടെയും ഗ്രഹണബാധയാണ്‌ കേരളസമൂഹത്തിനു മുകളില്‍ ഇപ്പോള്‍. ''ഇന്ദിരയാണ്‌ ഇന്ത്യ'' എന്ന പഴയ മുദ്രാവാക്യം പുതിയ രൂപത്തില്‍ സി.പി.എം. പുറത്തെടുക്കുന്നു. അധികാരത്തിന്റെ പിന്‍ബലത്തിലുള്ള 'ജനപിന്തുണ'യുടെ സാഗര ഗര്‍ജനത്തിന്‌ ഒരുക്കം കൂട്ടുന്നു. സി.പി.എമ്മി.ന്റെ ഭാവപ്പകര്‍ച്ച കേരളസമൂഹത്തിന്‌ മുകളില്‍ ഭീകരതയുടെ കാര്‍മേഘ പടലങ്ങള്‍ക്ക്‌ ഇടമൊരുക്കുന്നു.

പിന്‍കുറിപ്പ്‌: മറ്റുപാര്‍ട്ടികള്‍ക്കില്ലാത്ത പ്രത്യേകത സ്വന്തം ഭരണഘടനയുള്ള പാര്‍ട്ടിയാണ്‌ സി.പി.എം. ഭരണഘടനയുടെ 19-ാം വകുപ്പിന്റെ 11-ാം അനുച്ഛേദത്തില്‍ ഇങ്ങനെ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌: ''ഗുരുതരമായി സാമ്പത്തിക അഴിമതി നടത്തുന്നവനാണെന്നു കണ്ടാല്‍ കുറ്റപത്രം നല്‍കി വിശദീകരണം വരുത്തുന്നതുവരെ അയാളുടെ ഘടകമോ ഉപരിഘടകമോ അയാളെ ഉടനടി സസ്‌പെന്‍ഡ്‌ ചെയ്‌ത്‌ ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യേണ്ടതാണ്‌ ''.

അഹങ്കാരം : എന്തോന്ന് ഭരണഘടന ആശാനേ? പിബിക്കും അതിനും മുകളില്‍ സര്‍വ്വരക്ഷകനും സര്‍വ്വസംഹാരകനുമായ പിണറായിക്കും മേലെ എന്തോന്ന് ഭരണഘടന? ഇന്ത്യന്‍ ഭരണഘടനയും നിയമവാഴ്ചയും പുല്ലായവര്‍ക്ക് പിന്നെന്തോന്ന് പ്രശ്നം? ഇവരൊക്കെ നേര്‍വഴി സ്വീകരിക്കുമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രം!
(ബ്ലോഗിലും പിണറായീ സപ്പോര്‍ട്ട് ഗ്രൂപ്പ് തുടങ്ങി കേട്ടോ!)PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

8 അഭിപ്രായങ്ങൾ:

 1. Anonymous said...
 2. ഭരണഘടനക്കു അതീതരായതു കൊണ്ടായിരിക്കും മാംഗളൂരിൽ പബിൽ കയറി പെണ്ണുങ്ങളെ അടിച്ച് രോഷം തീർത്തതു അല്ലെ :))


  അനോണീ...

  ആവേശത്തിനു ചാടിക്കേറി ശ്രീരാമസേണേ എന്നാക്രോശിക്കുന്നതിനു മുന്‍പ് ഈ ശ്രീരാമസേന എന്തെന്നും അതിനു സംഘവുമായുള്ള ബന്ധമെന്തെന്നും എനിക്കൊന്ന് പറഞ്ഞ് തന്നിട്ടാട്ടെ...

  (അല്ല , പെണ്‍കുട്ടികളെ പഠിക്കാന്‍ വിടാത്ത സ്വാത് താഴ്വരയിലെ ഭീകരരേയും ബിയര്‍ പബ്ബില്‍ കുടിച്ച് കൂത്താടിയ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച (ഏത് തെറ്റായാലും സ്ത്രീയെ മര്‍ദ്ദിക്കുന്നവന്റെ കരമaറുക്കണമെന്ന് തന്നെയാണെന്റെ അഭിപ്രായം) ശ്രീരാമസേനക്കാരനും, അതിലൂടെ സംഘപരിവാറിനേയും തുലനം ചെയ്ത മഹാനായ ബ്ലോഗ്ഗറിന്റെ പാത പിന്തുടരുകയാവും ,അല്ലെ?)

  ഏതായാലും ഈ ശ്രീരാമസേനയും സംഘവും ഈ പോസ്റ്റും തമ്മിലുള്ള ബന്ധം ഒന്ന് വിശദമാക്കിയാന്‍ നന്നായിരുന്നു!

  ലാവലിനും ബിയര്‍പബ്ബും തമ്മില്‍ എന്തരു ബന്ധം ചേട്ടാ? 3. Anonymous said...
 4. കമ്യൂണിസ്റ്റുകളെ എതിര്‍ക്കുമ്പോള്‍ ബാലന്‍സിങ്ങിനുള്ള ആവേശത്തില്‍ എടുത്തിടുന്ന വസ്തുവിന്റെ യാഥാര്‍ത്ഥ്യം ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും അനോണീ

 5. Anonymous said...
 6. ശ്രീരാമ സേനാ നേതാവും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ വാര്‍ത്ത ഉണ്ട്. ആദ്യത്തെ അനോണിച്ചേട്ടന്‍ ഒന്നു പോയി വായിക്കണം. തോക്കു സ്വാമിയും പന്ന്യന്‍ രവീന്ദ്രനും പോലെ, സുധാകരനും ശിവലിംഗം അയവെട്ടുന്ന സ്വാമിയും പോലെ....

 7. Anonymous said...
 8. പിണറായിക്കും മേലെ എന്തോന്ന് ഭരണഘടന?

 9. Anonymous said...
 10. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബൂലോകത്തെ സഹാക്കളെയൊന്നും കാണുന്നില്ലല്ലൊ അഹങ്കാരി?
  ചിലപ്പൊ ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്നത്തിന്‍ മദ്ധ്യസ്ഥം വഹിക്കുന്നതിരക്കില്‍ ചെറിയ ചെറിയ കാര്യങ്ങളൊന്നും ശ്റദ്ധിച്ചുകാണില്ല!.

 11. Anonymous said...
 12. All the things in the Blog are same as the contents printed by Kalakaumudi 5 years ago? There is no new other invention? Good luck in the field of laundering.


  ലാസ്റ്റ് അനോണീ...

  കലാകൌമുദി തന്നെ...5 കൊല്ലം മുന്‍പുള്ളതാണോന്നറില്ല...

  ഏതായാലും ഈ ഐറ്റം ഉള്ള കലാകൌമുദി മാതൃഭൂമി പത്രത്തിനും ഒന്നയച്ച് കൊടുക്ക്കുന്നത് നന്നായിരിക്കും...കണ്ടില്ലേ അവര്‍ കഴിഞ്ഞ ആഴ്ച അവരുടേ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലിട്ടതാ...

  5 വര്‍ഷം പിന്നിലോടുന്ന പത്രം!!!

  പിന്നെ ഈ ലാവലിനും ഇന്നത്തെ പ്രശ്നങ്ങളുമൊക്കെ 5 വര്‍ഷം മുന്‍പ് കലാകൌമുദിയിലടിച്ച ആ മഹാജോത്സ്യനെ ഒന്ന് കണ്ടാ കൊള്ളാരുന്നു -ന്റെ ഭാവി ഒന്ന് നോക്കിക്കാനാകമന്റെഴുതണോ??? ദാ ഇവിടെ...