Reading Problems? Click Here


മനുഷ്യനെ മയക്കുന്ന കറപ്പും കറപ്പിനെ വിൽക്കുന്ന ചുവപ്പും...

കുറേയേറെ നാളുകളായി പത്രം തുറന്നാൽ മനസുമടുപ്പിക്കുന്ന വാർത്തകളേ കാണാറുള്ളൂ.... എന്നാൽ ഇന്ന് മനസു തുറന്ന് ഒന്ന് ചിരിച്ചു... ചിരിച്ചൂന്ന് വച്ചാൽ ചിരിച്ച് ചിരിച്ച് മണ്ണുകപ്പുക എന്നൊക്കെ പറയില്ലെ.... അത് തന്നെ....ദേ ഇപ്പൊ നിങ്ങളും ചിരിച്ച് തുടങ്ങിയ സ്ഥിതിക്ക് ഇനി അഹങ്കാരി ചിരിച്ചതെന്തിനാണെന്ന് പറയേണ്ടി വരില്ലല്ലൊ അല്ലെ???

പാവം ജയരാജൻ സഖാവ്. കൃസ്ത്യാനികളുടെ വോട്ട് കേ.കോയും വെറും കോയും കൂടി തട്ടിയെടുക്കുമോ എന്ന ഭയമാണോ അതോ പിറവത്തിന്റെ ചൂടു കൂടി പാവത്തിന്റെ പിരിയെളകിയതാണോ, എന്ത് തന്നെയായാലും "ഐറ്റം അടാറായി സഖാവേ" എന്ന് തന്നെ പറയണം. മരണവീട്ടിൽ കണ്ണീരിന്റെ ചവിട്ടുനാടകം കളിക്കുന്ന മലയോരകോൺഗ്രസിന്റെ അടവിന്റെ ചുവട് പിടിച്ചാണെങ്കിലും അല്ലെങ്കിലും, സംഗതി അങ്ങ് കസറീട്ടാ.... :)))

സഖാവേ, ഈ മനുഷ്യനെ ഓർമ്മയുണ്ടോ??? പരിപ്പുവടയും കട്ടഞ്ചായയും കേറ്റാത്ത എസി കോൺഫറൻസ് റൂമിന്റെ മൂലയ്ക്കെവിടേലും ഭിത്തീലെ പടമായിട്ടോ, എസി കാറിൽ കത്തിച്ച് വിടുമ്പോ റോഡുവക്കത്ത് പോസ്റ്ററിൽ കണ്ട മുഖമായിട്ടോ വല്ലതും????

മാർക്സ് എന്നാണത്രെ പേരു. കാർള്‍ ഹെൻറിഷ് മാർക്സ്. പണ്ടെങ്ങാണ്ട് ജീവിച്ചിരുന്ന ഒരു ജൂതവംശജനായിരുന്നു... അങ്ങേർക്ക് സഖാവിന്റത്ര ബുദ്ധി ഇല്ലാത്തതു കൊണ്ടാവും, അങ്ങേർ പറഞ്ഞത് "മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്" എന്നാണ്.... പാവം കണ്ട്രി ഫെലോ, അല്ലേ സഖാവേ....

ങാ സാരമില്ല സഖാവേ... കിട്ടാനുള്ളത് അധികാരത്തിന്റെ വീഞ്ഞുഭരണിയാകുമ്പോ, അതിനു വേണ്ടി കറുപ്പല്ല, കഞ്ചാവും ബ്രൗൺഷുഗറും കേറ്റേണ്ടി വന്നാൽ അതും നമ്മളു കേറ്റും.... നമ്മളാരാ മൊതല്.... ഹി ഹി... നടക്കട്ടെ നടക്കട്ടെ....നടക്കുമ്പൊ പക്ഷേ പഴയ പൊന്നാണ് നീ യും ഒന്നും മറക്കാണ്ടിരുന്നാ വീഴുന്ന കുഴീടെ ആഴം കുറയ്ക്കാം...

കൊച്ചീ മണ്ഡലത്തിൽ വോട്ടുണ്ടായിരുന്ന ജൂതന്മാർ ഉണ്ടായിരുന്നെങ്കിൽ, ഒന്നു രണ്ട് കിടിലൻ ഉപമകളും കൂടി കേൾക്കാമായിരുന്നു.....

മേൽക്കഷണം :
"പ്രകാശ് കാരാട്ട് യേശുദേവന്റെ സ്ഥാനത്താ"ണെങ്കിൽ ശ്രീമാൻ സഖാവ് മാർക്സ് പറഞ്ഞ "കറപ്പ്" ആയ മതത്തിന്റെ അമരക്കാർ - ചൂഷകരായ പുരോഹിതന്മാർ - ആരാണ് സഖാവേ? സ്റ്റേറ്റ് സെക്രട്ടറിയും പഴേ "പിടലി" ശശിയും ജയരാജത്രിമൂത്രികളുമൊക്കെ അതിൽ പെടുമായിരിക്കുമല്ലേ...

നടുക്കഷണം :
"സിപിഎം കൃഷ്ത്യൻ സഭ : പ്രകാശ് കാരാട്ട്  യേശുദേവൻ" - കാരാട്ടേയ്, മുൾക്കിരീടവും ചാട്ടയടിയും ഒടുക്കം കുരിശുമരണവും ആണോ ജയരാജൻ ഉദ്ദേശിച്ചത്?? ആർക്കറിയാം....
ഏതായാലും പാർട്ടി കുഞ്ഞാടുകൾക്ക് ഇനി കിലോക്കണക്കിനു വരുന്ന കമ്മി-ഊണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും ഒന്നും വാങ്ങി വയ്കണ്ടല്ലോ! കമ്മ്യൂണിസ്റ്റ് ബൈബിൾ ദേശാഭിമാനി പ്രസിൽ തയ്യാറായിക്കുണ്ടിരിക്കുന്നുണ്ട്... വൺ ഇസ് ഇനഫ്.....ഏതായാലും അതിലേക്കൊരു നൊവേന അഹങ്കാരീടെ വക....

അപ്പോൾ...പാവം വത്തിക്കാനും അവിടത്തെ മാർപ്പാപ്പയും ആരായി..... പി.ശ... ച്ഛായ് അത് വേണ്ട.....

വാൽക്കഷണം
സഖാവേ, പിറവം മാത്രം മതിയോ... പഴേ പൊന്നാനിയും വേണ്ടേ???
കാരാട്ടിനെ നബിയായിട്ടുപമിച്ച് ഒരു പ്രസംഗം കൂടി... പ്ലീസ്... കേരള ജനതയ്ക്ക് ഒരു ശല്യം കുറഞ്ഞ് കിട്ടുമല്ലൊ... പ്ലീസ്... (കെയിയെന്നൊക്കെ "ഞമ്മന്റെ കാര്യം" വരുമ്പൊ കളം മാറിക്കോളുമെന്നേ...)