Reading Problems? Click Here


ഹര്‍ത്താല്‍ പ്രതിഷേധം ഒഴിവാക്കിക്കൂടേ...

ഇന്ന് കേരളത്തിന്റെ ദേശീയോത്സവമായി മാറിയിരിക്കുകയാണ് ഹര്‍ത്താല്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ എന്ന കലാപരിപാടിയിലേക്ക് ബി‌എം‌എസിന്റെ വകയായും ഒന്ന് വന്ന് ചേര്‍ന്നിരിക്കുന്നു. ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണെങ്കിലും ജനതയെ ബുദ്ധിമുട്ടിക്കുക എന്നതിനോട് ഒട്ടുമേ യോജിക്കുക സാധ്യമല്ല. ബി‌എം‌എസ് പോലൊരു സംഘടനയ്ക്ക് പ്രതിഷേധത്തിനു മറ്റു നിരവധി മാര്‍ഗങ്ങള്‍ ആരായാമായിരുന്നു എന്നതാണു സത്യം.

സംസ്ഥാനത്തോ കേന്ദ്രത്തിലോ ഭരണം ഇല്ലെങ്കിലും ബി‌എം‌എസിനെതിരെ ആരോപണങ്ങള്‍ക്ക് കുറവുണ്ടാകയില്ല എന്നിരിക്കെ, എന്തിനായിരുന്നു ഈ ഹര്‍ത്താല്‍? വിലക്കയറ്റം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അവരെ നോക്കി കൊഞ്ഞനം കുത്തുകയും ബിജെപി സംസ്ഥാനങ്ങളിലെ വിലനിലവാരം വാരിക്കൊടുക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ മുന്നില്‍ ഹര്‍ത്താല്‍ കൊണ്ട് എന്തു പ്രയോജനം? അത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നല്ലാതെ?

വെറും ട്രേഡ്‌യൂണിയനിസത്തിലേക്ക് ബി‌എം‌എസ് എത്തിച്ചേരരുതായിരുന്നു. തൊഴിലാളികള്‍ എന്നത് മനുഷ്യസമൂഹത്തിലെ ഒരു അവിഭാജ്യഘടകമാണെന്നും അവര്‍ പ്രത്യേക വര്‍ഗമല്ല എന്നും ഉള്ള മഹത്തായ എകാത്മതാ ദര്‍ശനം പഠിപ്പിച്ച ദത്തോപാന്ത് ഠേംഗ്ഡിജിയുടെ ദര്‍ശനങ്ങളില്‍ നിന്നുമുള്ള വ്യതിചലനമായിപ്പോയി അത്. വര്‍ഷത്തില്‍ ബി‌എം‌എസ് നടത്തിയ ഒന്നാമത്തെ (എന്ന് തോന്നുന്നു) ഹര്‍ത്താലാണ് ഇതെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ച് സംഘടനയുടെ കരുത്തു തെളിയിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട് അടുക്കുന്ന പ്രവൃത്തിയില്‍ ബി‌എം‌എസ് ഖേദിക്കേണ്ടിയിരിക്കുന്നു.

ഹര്‍ത്താല്‍ ഒരു സമരമാര്‍ഗമാണ്. അതിനു മുന്‍പുള്ള മാര്‍ഗങ്ങള്‍ എല്ലാം അടയുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട, ഇരുതലമൂര്‍ച്ചയുള്ള മാര്‍ഗം. ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് പങ്കെടുക്കാം എന്നല്ലാതെ ആരേയും തടയാന്‍ ആര്‍ക്കും അവകാശമില്ല. അത് മനുഷ്യാവകാ‍ശലംഘനം തന്നെയാണ്. ഏകാത്മതാമാനവദര്‍ശനത്തില്‍ വിശ്വസിക്കുന്ന ബി‌എം‌എസ് ആ സംസ്കാരത്തില്‍ നിന്നും അകന്ന് ട്രേഡ്‌യൂണിയനിസത്തിലേക്ക് പോകാന്‍ പാടില്ലായിരുന്നു. തങ്ങളുടെ ഹര്‍ത്താലില്‍ എല്ലാവരേയും നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുക എന്നതല്ല, എല്ലാവരും സ്വയമേവ പങ്കെടുക്കുക എന്നതാണ് സംഘടനയുടെ വിജയം. അതായിരുന്നു ഠേംഗ്‌ഡിജി ഉയിര്‍ നല്‍കിയ ബി‌എം‌എസിന്റെ സംസ്കാരം. എന്നാല്‍ സംഘടന ജനമനസുകളില്‍ നിന്ന് അകന്നേക്കുമോ എന്ന് സംശയിക്കേണ്ട രീതിയിലാണ് ഇത്തരം ഹര്‍ത്താല്‍ നടത്തുന്നതിലൂടെ ബി‌എം‌എസ് പ്രവര്‍ത്തിക്കുന്നത്.

ഹര്‍ത്താലുകളില്ലാതെയും കാര്യങ്ങള്‍ നടത്തുവാനാകുമെന്ന് തെളിയിച്ചു കാട്ടിയ നരേന്ദ്രമോഡിയുടെ ഉദാഹരണം - വര്‍ഷങ്ങളായി ഒരു ഹര്‍ത്താല്‍ പോലും നടക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത് - ബി‌എം‌എസ് പഠിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഭാഗമായി തൊഴിലാളികളെ കാണുകയും തൊഴിലാളികളുടെ ഉയര്‍ച്ചയിലൂടെ സമൂഹത്തിന്റെ സര്‍വ്വതോന്മുഖമായ ഉന്നതി ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന വൈശിഷ്ട്യമാര്‍ന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കള്‍ തൊഴിലാളികളെ ഉപകരണാമായി ദര്‍ശിക്കുന്ന പ്രത്യയശാസ്ത്രങ്ങളിലേക്ക് അധഃപതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഇനിയെങ്കിലും ഹര്‍ത്താല്‍ പോലുള്ളവ ഒഴിവാക്കി ജനങ്ങള്‍ സ്വയം പങ്കെടുക്കുന്ന സമരമുറകള്‍ സ്വീകരിക്കുക. അല്ലാതെ ഹര്‍ത്താല്‍ കൊണ്ടൊന്നും നമ്മുടെ സര്‍ക്കാര്‍ നന്നാവാന്‍ പോന്നില്ലെന്നേ!



PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

8 അഭിപ്രായങ്ങൾ:

  1. Rejeesh Sanathanan said...
  2. വെറുതെ കിട്ടുന്ന ഒരു അവധി ആഘോഷിക്കുന്നത് കണ്ടിട്ട് അഹങ്കാരിക്ക് സഹിക്കുന്നില്ല അല്ലേ.......:)

    നന്നായി അഹങ്കാരി രാഷ്ട്രീയ ചായ് വുകള്‍ക്കതീതമായ ഇത്തരം ചിന്തകളും ഇനിയുള്ള കാലത്ത് അത്യന്താപേക്ഷിതമാണ്. ആശംസകള്‍.......

  3. saju john said...
  4. ഇതിനാണ് അഹങ്കാരം എന്ന് പറയുന്നത്......

    ജനങ്ങല്‍ക്ക് മനസ്സിലാവുന്നുണ്ടല്ലോ ഇതെല്ലാം ഒരു ചടങ്ങാണെന്ന്.

  5. ഷൈജൻ കാക്കര said...
  6. സമരം ചെയുന്ന മാസശമ്പളക്കാർക്ക്‌ മുഴുവൻ ശമ്പളവും കിട്ടുമ്പോൾ ദിവസകൂലിക്കാരനെപറ്റി വേവലാതിപ്പെടാൻ പാവങ്ങളുടെ പാർട്ടിയോ പണക്കാരുടെ പാർട്ടിയോ ഇല്ല.

    "കാക്കരയുടെ ഹർത്താൽ ചിന്തകൾ" എന്ന എന്റെ പോസ്റ്റും കൂടി വായിച്ച്‌ നോക്കുക.

  7. മുക്കുവന്‍ said...
  8. ഹര്‍ത്താലുകളില്ലാതെയും കാര്യങ്ങള്‍ നടത്തുവാനാകുമെന്ന് തെളിയിച്ചു കാട്ടിയ നരേന്ദ്രമോഡിയുടെ ഉദാഹരണം - വര്‍ഷങ്ങളായി ഒരു ഹര്‍ത്താല്‍ പോലും നടക്കാത്ത സംസ്ഥാനമാണ് ഗുജറാത്ത്...

    അതിനവര്‍ ഭരിക്കുകയല്ലേ.. അപ്പോഎളെങ്ങനാ.. ഹര്‍ത്താല്‍ നടത്താ? ഇടതുപക്ഷം നാട്ടില്‍ നടത്തണപോലെ അങ്ങ് നടത്തണം...ഉം..മോഡിക്ക് അതിലും കുറവേ തൊലിക്കട്ടിയുള്ളൂ..


    മുക്കുവന്‍,

    ഗുജറാത്തില്‍ ബിജെപി മാത്രമല്ല, ഒരു പാര്‍ട്ടിയുടേയും ഹര്‍ത്താലുകള്‍ നടക്കാറില്ല. നടന്നാലും അത് ഭാഗികമേ ആകൂ. നിര്‍ബന്ധപൂര്‍വ്വം കടകളടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ പാടില്ല.

    ബിജെപിയുടെ അഖിലേന്ത്യാ ബന്ദ് പോലും അവിടെ ഭാഗികമായിരുന്നു. കടകളോ വാഹനങ്ങളോ നിര്‍ബന്ധപൂര്‍വ്വം തടയപ്പെട്ടില്ല.



  9. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
  10. നല്ല ചിന്തകൾ..യോജിക്കുന്നു

  11. ചന്തു said...
  12. ഹര്‍ത്താലിനെക്കുറിച്ച് ഇതേ അഭിപ്രായമാണെനിക്കും. എഴുതികണ്ടതില്‍ സന്തോഷം. അന്ധമായ കമ്യൂണിസ്റ്റ് സ്നേഹം കാണിക്കുന്നവര്‍ ഇത്തരം ബ്ലോഗ്ഗുകള്‍ കാണണം. പരിവാര്‍ അനുകൂലിആണെങ്കില്‍ പോലും തെറ്റിനെ ചൂണ്ടിക്കാട്ടിയിരിക്കുന്നു. വേണമെങ്കില്‍ ഈ കാര്യത്തില്‍ മൌനം ഭജിക്കാമെങ്കില്‍കൂടി.
    പുതുവര്‍ഷ ആശംസകള്‍..

  13. ഭൂതത്താന്‍ said...
  14. ;)))))

കമന്റെഴുതണോ??? ദാ ഇവിടെ...