Reading Problems? Click Here


ഏഴാംക്ലാസ് പാഠം - ഒരു അഹങ്കാരചിന്ത...

ഏഴാം ക്ലാസ് പാഠപുസ്തക വിവാദം കത്തിക്കയറുന്നു...സെക്സ് പുസ്തകമായാലും പുസ്തകത്തെ ഈശ്വരനായി കണ്ട ഒരു സംസ്കാരത്തിന്റെ ചിതകൊളുത്താന്‍ ദൈവവിശ്വാസികള്‍ പുസ്തകങ്ങള്‍ക്ക് തീകൊടുക്കുന്നു...

കോണ്‍ഗ്രസും അച്ചന്മാരും മൊയ്ല്യാക്കന്മാരും നായര്‍ പ്രമാണിമാരും മറ്റും പുസ്തകത്തിനെതിരെ പടവാളോങ്ങുന്നു , ഇടയലേഖനവും പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കമ്മിറ്റിയും ഫത്വയും പുറപ്പെടുവിക്കുന്നു....

സ്വന്തം പാര്‍ട്ടി എന്തു സെപ്റ്റിക്ക് ടാങ്കില്‍ ചാടിയാലും പാര്‍ട്ടിയായതിനാല്‍ അതു നക്കി വൃത്തിയാക്കണ്ട ഗതികേടില്‍ സഖാക്കന്മാര്‍ മുക്കിനു മുക്കിനു വിശദീകരണം നടത്തുന്നു....ഈ പാഠം ജാതി സ്വയം തിരഞ്ഞെടുക്കാനാണ്.......കുട്ടിസ്സഖാക്കന്മാരും പോലീസ് സഖാക്കളും ജാഥ നടത്തുന്നവരുടെ തലയടിച്ചു പൊട്ടിക്കുന്നു...

ഈ സഖാക്കന്മാരോ‍ട് ഒന്നേ ചോദിക്കാനുള്ളൂ.....സ്കൂളില്‍ ചേര്‍ക്കാനുള്ള ഫോമില്‍ ജാതി/മതം എന്നത് ഓപ്ഷണല്‍ എന്‍‌ട്രി ആക്കാനുള്ള ചങ്കൂറ്റം ഉണ്ടോ നിങ്ങള്‍ക്ക്?????വോട്ടര്‍ കാര്‍ഡിനുള്ളാ അപേക്ഷയില്‍ ഒരു വ്യക്തി അവന്റെ ജാതി തിരഞ്ഞെടുക്കട്ടെ.....അതു ചെയ്യാനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ വാദങ്ങളും മറ്റും ആത്മാര്‍ത്ഥമാണ്...ഇല്ലെങ്കില്‍ വെറും ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട്... (പറ്റില്ല എന്നുറപ്പല്ലേ...സംവരണം,ന്യൂനപക്ഷം ,വോട്ട്ബാങ്ക്...ഹെന്റമ്മോ!!!!)

അച്ചന്മാരേ , മൊയ്ലാക്കന്മാരെ , നായര്‍പ്രമാണിമാരേ......ഒരു പാഠംവായിച്ചാല്‍ തകര്‍ന്നു പോകുന്നത്ര നിസാരവും ദുര്‍ബലവുമാണോ‍ മതവിശ്വാസം?????അധികാരനഷ്ടം എന്ന ഭയമല്ലേ, വിശ്വാസികളെ ചൂഷണം നടത്താന്‍ പറ്റില്ല എന്ന ഭീതിയല്ലേനിങ്ങള്‍ല്ക്ക്????ആരോടു ചോദിച്ചിട്ടാണ് നിങ്ങള്‍ ഒന്നൂമറിയാത്ത കുഞ്ഞുങ്ങളെ മതപാഠശാലകളില്‍ സയന്‍സിനെതിരായി (ഈശ്വരവിശ്വാസിയായല്ല , അന്ധപൂരോഹിത വിശ്വാസിയും മതഭ്രാന്തന്മാരുമായി ) വാര്‍ത്തെടുക്കുന്നത്????

ഈ അവസരത്തില്‍ ഏറ്റവും നല്ലതായി എനിക്കൂ തോന്നിയ ചില ചിന്തകള്‍ താഴെ കൊടുക്കുന്നു...ഇവ മാതൃഭൂമി പത്രത്തില്‍ വന്ന ലേഖനങ്ങള്‍ ആണ്....തലക്കെട്ടുകള്‍ ലിങ്കായിനല്‍കിയിരിക്കുന്നു... (എന്റെ അഭിപ്രായം അവസാനം ചുരുക്കി നല്‍കിയിട്ടുണ്ട്)

1.സമൂഹികപാഠവും ചാത്തേട്ടനും

മാനന്തവാടി ബാലകൃഷ്‌ണന്‍

ചാ ത്തേട്ടന്‍ ഞങ്ങളുടെ നാട്ടിലെ കര്‍ഷകത്തൊഴിലാളിയാണ്‌. ജനനം മുതല്‍ കമ്യൂണിസ്റ്റ്‌. നാട്ടില്‍ മുഴുവന്‍ ഏഴാംക്ലാസ്സിലെ സാമൂഹ്യപാഠത്തിന്റെ പേരില്‍ ഹര്‍ത്താലും പണിമുടക്കും. ചാത്തേട്ടന്റെ മകനും ഏഴില്‍ പഠിക്കുന്നു. സാമൂഹികപാഠം നിര്‍ബന്ധമായും പഠിക്കേണ്ടവന്‍. ഏതായാലും എന്താണ്‌ കുഴപ്പമെന്ന്‌ അറിയാന്‍ നേതാവും അടുത്ത എല്‍.പി.സ്‌കൂളിലെ ഹെഡ്‌മാസ്റ്ററുമായ ഗോപാലന്‍മാസ്റ്ററുടെ വീട്ടിലെത്തി.

ഗോപാലന്‍മാസ്റ്ററുടെ മുന്നില്‍ പത്തുപതിനഞ്ചു ചെറുപ്പക്കാര്‍ ഇരിക്കുന്നു. എല്ലാവരും നമ്മുടെ സഖാക്കള്‍. എന്താണ്‌ ചാത്തന്‍, ഗോപാലന്‍മാസ്റ്റര്‍ ചാത്തേട്ടനെ നോക്കി ചോദിച്ചു. എന്തു പറയാനാ മാഷേ, ചെക്കന്റെ സ്‌കൂളില്‍ മൂന്നു ദിവസമായി പഠിപ്പുമുടക്ക്‌. നാട്ടിലും മുഴുവന്‍ സമരം. ഈ ഏഴാം ക്ലാസ്സിലെ സാമൂഹികപാഠം കാരണം ആകപ്പാടെ കഷ്‌ടത്തിലായല്ലോ മാഷേ. അതാണ്‌ സഖാവേ ഞാന്‍ കുട്ടികള്‍ക്കും വിശദീകരിച്ചുകൊടുക്കുന്നത്‌. നിങ്ങളും ഇരിക്കൂ. ഞാന്‍ പാഠം വായിക്കാം.

പാഠം 25

മതമില്ലാത്ത ജീവന്‍

സ്‌കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരയില്‍ ഇരുത്തി ഹെഡ്‌മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കുവാന്‍ തുടങ്ങി. മോന്റെ പേരെന്താ? ജീവന്‍. കൊള്ളാം .... നല്ല പേര്‌. അച്ഛന്റെ പേര്‌? അന്‍വര്‍ റഷീദ്‌. അമ്മയുടെ പേര്‌? ലക്ഷ്‌മീദേവി. ഹെഡ്‌മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു. കുട്ടിയുടെ മതം ഏതാ ചേര്‍ക്കേണ്ടത്‌? ഒന്നും ചേര്‍ക്കേണ്ട, മതമില്ലെന്ന്‌ ചേര്‍ത്തോളൂ. ജാതിയോ? അതും വേണ്ട. ഹെഡ്‌മാസ്റ്റര്‍ കസേരയിലേക്ക്‌ ചാരിയിരുന്ന്‌ അല്‌പം ഗൗരവത്തോടെ ചോദിച്ചു. വലുതാവുമ്പോള്‍ ഇവന്‌ ഏതെങ്കിലും മതം വേണമെന്ന്‌ തോന്നിയാലോ? അങ്ങനെ വേണമെന്നു തോന്നുമ്പോള്‍ അവന്‌ ഇഷ്‌ടമുള്ള മതം തിരഞ്ഞെടുക്കട്ടെ.

മാസ്റ്റര്‍ മുഖമുയര്‍ത്തി മുന്നിലിരിക്കുന്നവരെ നോക്കി. ഇതിലെന്താണ്‌ കമ്യൂണിസം? നിങ്ങളുടെ അഭിപ്രായം എന്താണ്‌?

അതിനു നമ്മള്‍ കമ്യൂണിസ്റ്റുകാര്‍ ആദ്യം മുതലേ ജാതി എഴുതാറില്ലല്ലോ. ജാതി എഴുതരുതെന്നല്ലേ സഖാവ്‌ ഞങ്ങളെ പഠിപ്പിച്ചത്‌.

പിന്നെ ഒരു സംശയം സഖാവേ.

മുസ്‌ലിമായ അന്‍വര്‍ റഷീദ്‌ ഹിന്ദുവായ ലക്ഷ്‌മീദേവിയെ കല്യാണം കഴിച്ചതുകൊണ്ടാണോ കുട്ടിക്ക്‌ ജാതിവേണ്ടെന്നു പറഞ്ഞത്‌. മുസ്‌ലിമായ അന്‍വര്‍ റഷീദ്‌ പാത്തുട്ടിയെയോ ആമിനയെയോ കല്യാണം കഴിച്ചാല്‍ ജാതി ചേര്‍ക്കുമായിരുന്നോ. കമ്യൂണിസ്റ്റ്‌ സഖാക്കള്‍ ജാതി ചോദിക്കാത്തതുപോലെ മറ്റു പാര്‍ട്ടിക്കാരും ജാതി ചേര്‍ക്കേണ്ട എന്നു പറഞ്ഞാല്‍ പോരേ. ഇല്ലെങ്കില്‍ കുട്ടീനെ ചേര്‍ക്കുന്ന ഫോറത്തില്‍ ജാതി-മതം എന്ന കള്ളി (കോളം) ഒഴിവാക്ക്യാപോരെ. എത്ര പോലീസുകാരുടെയും എത്ര കുട്ടികളുടെയും തലയാ എറിഞ്ഞുടച്ചേ.

ആര്‍ക്കും ജാതി എഴുതണമെന്ന്‌ നിര്‍ബന്ധമില്ല. ആരോടും ജാതി എഴുതണമെന്ന്‌ ആവശ്യപ്പെടുന്നുമില്ല. അതിനാല്‍ ഇഷ്‌ടമുള്ളവര്‍ക്ക്‌ ജാതി എഴുതാം, ഇല്ലാത്തവര്‍ക്ക്‌ ഒഴിവാക്കാം-മാസ്റ്റര്‍ പറഞ്ഞു.

ഇതിനാണോ ഇത്രയും വല്യസമരം ചാത്തേട്ടന്‌ സംശയം വര്‍ധിച്ചു. ഏതായാലും മാസ്റ്റര്‍ കുട്ടിയുടെ ജാതി എഴുതിയിട്ടുണ്ടോ?

ഞാന്‍ തിരുവനന്തപുരത്ത്‌ പാര്‍ട്ടി മീറ്റിങ്ങിന്‌ പോയപ്പോഴാണ്‌ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തത്‌. അതിനാല്‍ രണ്ടുപേരുടെയും ജാതി എഴുതിച്ചേര്‍ത്തു. ഭാര്യ നമ്മുടെ പാര്‍ട്ടിയല്ലല്ലോ.

വിവരാവകാശ നിയമപ്രകാരം സഖാക്കളു വാങ്ങിയ സ്‌കൂള്‍ അപേക്ഷാഫോറം ഒപ്പിട്ടത്‌ സാറാണല്ലോ. യൂത്ത്‌ നേതാവിന്‌ സംശയം.

ഞാന്‍ ഫോറം ഒപ്പിട്ട്‌ ഭാര്യയെ ഏല്‌പിച്ചിരുന്നു. ഫോറം പൂരിപ്പിച്ചത്‌ ഭാര്യയാണ്‌.

യൂത്ത്‌ നേതാവ്‌ പോക്കറ്റില്‍ നിന്ന്‌ അപേക്ഷാഫോറം എടുത്തു. നേതാവിന്റെ അതേ കൈയക്ഷരം, അതേ ഒപ്പ്‌ നേതാവ്‌ വിയര്‍ത്തു. ചാത്തേട്ടനും അനുയായികളും സഭ ബഹിഷ്‌കരിച്ച്‌ വീട്ടിലേക്ക്‌ നടന്നു.

ചാത്തേട്ടന്‍ ഭാര്യയോട്‌ പറഞ്ഞു: എടീ ആ മാഷ്‌ നമ്മെ ചതിച്ചു. ജാതിയും മതവും ചേര്‍ക്കേണ്ടെന്ന്‌ ക്ലാസ്സെടുത്തു. നമ്മള്‍ ജാതിയും മതവും ഒഴിവാക്കി. മാസ്റ്റര്‍ അയാളുടെ കുട്ടികളുടെ ജാതിയും മതവും എഴുതിച്ചേര്‍ത്തു. നമുക്കും മക്കളുടെ ജാതി നാളെത്തന്നെ ചേര്‍ക്കണം.

നേരം വെളുത്തപ്പോള്‍ ചെക്കനും ചാത്തേട്ടനും സ്‌കൂളിലേക്ക്‌ യാത്രയായി. പഞ്ചായത്ത്‌ മീറ്റിങ്‌ ആയതിനാല്‍ ഹെഡ്‌മാസ്റ്റര്‍ ഉച്ചയ്‌ക്കാണ്‌ വന്നത്‌. ഉടനെത്തന്നെ ചാത്തേട്ടന്‍ വിവരം പറഞ്ഞു: മാഷേ, എന്റെ രണ്ടു കുട്ട്യോള്‍ക്കും ജാതി ചേര്‍ക്കണം. മാഷ്‌ക്ക്‌ ഇഷ്‌ടമുള്ള ജാതി. പറ്റില്ല. ഹെഡ്‌മാസ്റ്റര്‍ പറഞ്ഞു. വില്ലേജ്‌ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്‌ വേണം. അഞ്ചുരൂപ കോര്‍ട്ട്‌ഫീ സ്റ്റാമ്പും ഒട്ടിച്ച്‌ അപേക്ഷ തരണം. ആദ്യം പഠിച്ച സ്‌കൂളിലെ അഡ്‌മിഷന്‍ ഫോറവും പുസ്‌തകത്തിന്റെ തനിപ്പകര്‍പ്പും വേണം. 50 രൂപയുടെ മുദ്രപ്പേപ്പറില്‍ വേണം ഇവ വാങ്ങാന്‍. ഡി.ഇ.ഒ.യുടെ ഉത്തരവും വേണം.

ചാത്തേട്ടന്‍ വില്ലേജ്‌ ഓഫീസിലേക്ക്‌ ഓടി. വില്ലേജ്‌ ഓഫീസര്‍ ഇടതുപക്ഷ ജീവനക്കാരുടെ ജില്ലാ നേതാവാണ്‌. അതുകൊണ്ട്‌ സര്‍ട്ടിഫിക്കറ്റിന്‌ ബുദ്ധിമുട്ടില്ല എന്നായിരുന്നു ചാത്തേട്ടന്റെ ഉറച്ചവിശ്വാസം. വില്ലേജ്‌ ഓഫീസില്‍ എത്തിയപ്പോഴാണ്‌ അറിയുന്നത്‌. മഴ പെയ്‌തില്ലെങ്കിലും, മഴപെയ്‌താല്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ പെടുന്ന കുടുംബങ്ങളെ പാര്‍പ്പിക്കുവാന്‍ ഇടംതേടി ഓഫീസര്‍ പോയിരിക്കയാണ്‌. രണ്ടുദിവസം കഴിഞ്ഞേ വരികയുള്ളൂ.

രണ്ടുദിവസം കഴിഞ്ഞ്‌ ചാത്തേട്ടന്‍ വില്ലേജ്‌ ഓഫീസില്‍ എത്തി. ഓഫീസറോട്‌ തന്റെ രണ്ടു കുട്ടികള്‍ക്ക്‌ ജാതി സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടു. വില്ലേജ്‌ ഓഫീസര്‍ പറഞ്ഞു, തെളിവുകൊണ്ടുവന്നാലേ സര്‍ട്ടിഫിക്കറ്റ്‌ തരികയുള്ളൂ എന്ന്‌.

ചാത്തേട്ടന്‍ ഉടന്‍ സ്‌കൂളിലേക്ക്‌ ഓടി മകനോട്‌ 7-ആം ക്ലാസ്സിലെ സാമൂഹികശാസ്‌ത്രം പുസ്‌തകം വാങ്ങി വില്ലേജ്‌ ഓഫീസര്‍ക്ക്‌ നല്‍കി ഓഫീസറോട്‌ പാഠം 25 വായിക്കാന്‍ ആവശ്യപ്പെട്ടു. വായിച്ചുകഴിഞ്ഞപ്പോള്‍ ചാത്തേട്ടന്‍ പറഞ്ഞു. ഞാനും എല്‍.ഡി.എഫ്‌, സാറും എല്‍.ഡി.എഫ്‌, ഈ പുസ്‌തകം നമ്മുടെ സര്‍ക്കാറിന്റെ. ഈ പുസ്‌തകത്തില്‍ പറഞ്ഞത്‌ കുട്ടികള്‍ക്ക്‌ ഇഷ്‌ടമുള്ളപ്പോള്‍ ഇഷ്‌ടമുള്ള ജാതി ചേര്‍ക്കാമെന്നാണ്‌. അതിനാല്‍ സര്‍ട്ടിഫിക്കറ്റ്‌ തരണം.

അച്ഛന്റെ ജാതി ഏതാണോ ആ ജാതി മാത്രമേ കുട്ടികളുടെ ജാതിയായി പരിഗണിക്കൂ. അതിനേ നിയമമുള്ളൂ -വില്ലേജ്‌ ഓഫീസര്‍ പറഞ്ഞു. സാറേ എന്നാല്‍ ഒരു കാര്യം ചെയ്യൂ. നമ്മുടെ പഞ്ചായത്തുഭരണംപോലെ ആദ്യത്തെ 25കൊല്ലം അച്ഛന്റെ ജാതിയും പിന്നത്തെ ഇരുപത്തഞ്ചുകൊല്ലം അമ്മയുടെ ജാതിയും ആകട്ടെ.

നിങ്ങള്‍ എന്തുപറഞ്ഞാലും നിങ്ങളുടെ മക്കള്‍ക്ക്‌ നിങ്ങളുടെ ജാതിയേ ചേര്‍ത്തുതരാന്‍ കഴിയൂ-വില്ലേജ്‌ ഓഫീസര്‍ ശഠിച്ചുപറഞ്ഞു.

ചാത്തേട്ടന്‍ മനസ്സില്‍ പറഞ്ഞു-പുനലൂരിന്റെ ഒരു പാര്‍ട്ടിക്കാരന്റെ കാല്‍ മറ്റേ പാര്‍ട്ടിക്കാരന്‍ തല്ലിയൊടിച്ചത്‌ വെറുതെയല്ല. ബേബി പറയുന്നതുപോലെ രാജേന്ദ്രനും രാജേന്ദ്രന്‍ പറയുന്നതുപോലെ ബേബിയും അനുസരിക്കില്ല. ഏതായാലും നേതാവുമാഷ്‌ ചാത്തേട്ടനെ പറ്റിച്ചു. 7-ാം ക്ലാസ്സിലെ സാമൂഹികപാഠവും ചാത്തേട്ടനെ പറ്റിച്ചു. സി.പി.ഐ.- സി.പി.എം. തര്‍ക്കം തീര്‍ന്നാല്‍ സാമൂഹികപാഠത്തില്‍ പറഞ്ഞപോലെ വില്ലേജ്‌ ഓഫീസര്‍ ജാതി ചേര്‍ക്കുമോ?

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

2.ഞങ്ങള്‍ക്ക്‌ ആകാശമിഠായികളാവണം

'മതമില്ലാത്ത ജീവന്‍' എന്ന പാഠം കണ്ട്‌ സമരത്തിനിറങ്ങുന്ന മതമേധാവികളും, സാമൂഹ്യ-സാംസ്‌കാരിക -രാഷ്ട്രീയക്കാരുമറിയണം ഞങ്ങള്‍ ആ പാഠം കണ്ട്‌ അതിയായി സന്തോഷിക്കുന്നുവെന്ന്‌, അതില്‍ ഒരു മതവികാരവും വ്രണപ്പെടാനില്ലെന്ന്‌

മൈന ഉമൈബാന്‍

എന്റെ ഹൈസ്‌കൂള്‍കാലത്താണ്‌ റേഡിയോയില്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'പ്രേമലേഖനം' നാടകരൂപത്തില്‍ കേട്ടത്‌. സാറാമ്മയും കേശവന്‍നായരും കുഞ്ഞുണ്ടായാല്‍ പേരിടുന്നതിനെക്കുറിച്ചു തര്‍ക്കിക്കുമ്പോള്‍ ഞാന്‍ കാതോര്‍ത്തിരുന്നു. ഞങ്ങള്‍ക്കിട്ടതുപോലുള്ള പേരായിരിക്കുമോ?

ഇല്ല. മതമേതെന്നറിയാത്ത പേര്‌ 'ആകാശമിഠായി...!' മറ്റൊരു സാറാമ്മയുടെയും കേശവന്‍നായരുടെയും മക്കളായിരുന്നു ഞങ്ങള്‍. അല്ലെങ്കില്‍ ഏഴാംക്ലാസ്സിലെ 'വിവാദ' പാഠഭാഗത്തിലെ അന്‍വര്‍ റഷീദിന്റെയും ലക്ഷ്‌മീദേവിയുടെയും മക്കള്‍. ഉമൈബാന്‍, നുസൈബാന്‍, മെഹര്‍ബാന്‍ എന്നിങ്ങനെ അന്‍വര്‍ റഷീദിന്റെ മതം സൂചിപ്പിക്കുന്ന മൂന്നുപേരുകളാണ്‌ ഞങ്ങള്‍ക്കുളളത്‌. ചിലര്‍ക്കെങ്കിലും നാവല്‌പം വളയേ്‌ക്കണ്ട അല്‌പം നീണ്ടപേരുകള്‍...ഒരു കൊച്ചുകൂടി ഉണ്ടായാല്‍ 'ടെമ്പോവാന്‍' എന്നുപേരിടുമായിരുന്നോ എന്ന്‌ ഞങ്ങളുടെ അയല്‍വാസി ഷാജിച്ചേട്ടന്‍ ചോദിച്ചു. ഷാജിച്ചേട്ടന്‍ പലപ്പോഴും ടെമ്പോവാന്‍ കൂടി ചേര്‍ത്തായിരുന്നു വിളിച്ചിരുന്നതും.

ഏഴാംക്ലാസ്സിലെ 'വിവാദ'പാഠഭാഗം വായിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്‌ തോന്നിയത്‌. എന്റെ ഏഴാംക്ലാസ്സില്‍ അങ്ങനെയൊരു പാഠമില്ലാതെപോയതില്‍ സങ്കടവും തോന്നി.

അഞ്ചിലോ ആറിലോ പഠിക്കുമ്പോള്‍ ഞാനും അനിയത്തിയും നിലത്തുവിരിച്ച കിടക്കയില്‍ അമ്മയുടെ ഇടതും വലതുമായി കിടന്നുകൊണ്ട്‌ വയറ്റില്‍ കെട്ടിപ്പിടിച്ച്‌ ചോദിച്ചു. -
''എന്തിനാ ഞങ്ങള്‍ക്കിങ്ങനത്തെ പേരിട്ടത്‌?''

ഒരേമതത്തില്‍പ്പെട്ടവരുടെ മക്കളായിരുന്നിട്ടും കൂട്ടുകാരില്‍ ഭൂരിപക്ഷത്തിനും മതമേതെന്ന്‌ തിരിച്ചറിയാത്ത പേരുകള്‍ കേട്ടാണ്‌ ആ ചോദ്യം ഞങ്ങള്‍ ചോദിച്ചത്‌. രണ്ടു മതങ്ങളില്‍പ്പെട്ടവര്‍ മക്കള്‍ക്ക്‌്‌ മതമറിയുന്ന പേരിട്ടതിലായിരുന്നു ഞങ്ങളുടെ ആ പ്രതിഷേധം.

ആ രാത്രി തന്റെ നടക്കാതെപോയ സ്വപ്‌നങ്ങളെക്കുറിച്ച്‌ അമ്മ എട്ടും പത്തും വയസ്സുകാരായ മക്കളോട്‌ പറഞ്ഞു.

''നിങ്ങള്‍ക്ക്‌ ജാതി അറിയാത്ത പേരിടണോന്നായിരുന്നു എനിക്ക്‌...നിങ്ങടെ അപ്പനുംകൂടി അങ്ങനെ തോന്നണ്ടേ?... ''

അന്‍വര്‍ റഷീദിന്‌ മക്കള്‍ക്ക്‌ പേരിടുന്നതില്‍ ഒരുറച്ച തീരുമാനെടുക്കാന്‍ കഴിഞ്ഞില്ലെന്ന്‌ അമ്മ കുറ്റപ്പെടുത്തി. വിവാഹത്തോടെ അമ്മയെ വീട്ടുകാര്‍ പടിയടച്ച്‌ പിണ്ഡം വെച്ചതാണ്‌. എന്നാല്‍ അത്തയുടെ വീട്ടുകാരാണെങ്കില്‍ മരുമകളെ ഒരുപാധിയുമില്ലാതെ സസന്തോഷം സ്വീകരിക്കുകയും ചെയ്‌തു. അവരുടെ ആ സ്‌നേഹത്തിനുമുന്നില്‍ മക്കളുടെ പേരുകള്‍ സ്വയം തീരുമാനിക്കാനാവാതെ മനസ്സില്ലാമനസ്സോടെ വിട്ടുകൊടുക്കുകയായിരുന്നു. പിന്നീട്‌ പലപ്പോഴും അമ്മ ജീവിതത്തിനും മതത്തിനുമിടയില്‍ ഒറ്റയ്‌ക്ക്‌ തീരുമാനമെടുക്കാനാവാതെ പല വിട്ടുവീഴ്‌ചകളും ചെയ്യുന്നത്‌ ഞങ്ങള്‍ കണ്ടു.

മതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വീട്ടുകാര്‍ വലിയ നിര്‍ബന്ധം പിടിച്ചില്ല. അതിലുമേറെ അമ്മ അന്ന്‌ മദ്രസകളില്ലാത്ത മറയൂരിലായിരുന്നു മക്കളെയും കൊണ്ട്‌ ജോലിനോക്കിയിരുന്നത്‌. ഒരിക്കലും അമ്മ അവരുടെ മതം ഞങ്ങളില്‍ അടിച്ചേല്‌പിക്കാന്‍ ശ്രമിച്ചില്ല; അത്തയും(അച്ഛന്‍). എന്നിട്ടും മറയൂരിലെ യു.പി. സ്‌കൂളില്‍ ചേരും മുമ്പ്‌ അത്തത്തയുടെയും അത്താമ്മയുടെയും അടുത്തായിരുന്നപ്പോള്‍ ഞങ്ങള്‍ ഓത്തുപള്ളിയില്‍ പോയിരുന്നു. പള്ളിയോടു ചേര്‍ന്ന വരാന്തയായിരുന്നു അന്ന്‌ ഓത്തുപള്ളി. ആയിടയ്‌ക്ക്‌ മതപഠനം കഴിഞ്ഞിറങ്ങിയ നാട്ടുകാരനായ കൊച്ചുസ്‌താദ്‌്‌ ഞങ്ങളെ പരിചയപ്പെട്ടു. പേരു ചോദിച്ചു. പേരില്‍ തൃപ്‌തനായി. നാട്ടുകാരനായതുകൊണ്ട്‌ മാതാപിതാക്കളുടെ പേരു ചോദിച്ചു. അന്ന്‌ ഏഴുവയസ്സുകാരിയായ അനിയത്തി അമ്മയുടെ പേര്‌ 'ലക്ഷ്‌മിദേവി' എന്നു പറഞ്ഞു.

ആ പേര്‌ ഇനിയാരോടും പറയരുതെന്ന്‌ അദ്ദേഹം ഞങ്ങളെ താക്കീതു ചെയ്‌തു.

പിന്നെയും എത്രയോ കഴിഞ്ഞാണ്‌ മതം ഞങ്ങളുടെ മനസ്സിനെ പിടിച്ചുലയ്‌ക്കാന്‍ തുടങ്ങിയത്‌.

അച്ഛനും അമ്മയും ഒരേ സമുദായത്തില്‍പ്പെട്ടവരായിരുന്നിട്ടും കൂട്ടുകാരിയുടെ രജിസ്‌ട്രറില്‍ മതവും ജാതിയും ഇല്ലെന്നറിഞ്ഞപ്പോള്‍ ഞാന്‍ അമ്പരുന്നു. അച്ഛനമ്മമാരുടെ തീരുമാനം അങ്ങനെ ആയിരുന്നത്രേ. വലുതാവുമ്പോള്‍ സ്വയം തീരുമാനിക്കട്ടെ എന്ന്‌.

ഞങ്ങളുടെ അച്ഛനുമമ്മയും വ്യത്യസ്‌തമതങ്ങളില്‍പ്പെട്ടവരായിരുന്നിട്ടും സമൂഹം പുരുഷനു നല്‍കുന്ന അമിതപ്രാധാന്യത്തില്‍ അവന്റെ മതം ഞങ്ങളുടെ എസ്‌. എസ്‌. എല്‍. സി. ബുക്കില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ബുക്കിലെ അമ്മയുടെ പേര്‌ 'ലക്ഷ്‌മിദേവി' എന്നു തന്നെയായിരുന്നു. ഞങ്ങളെപ്പോലെ മിശ്രവിവാഹിതരുടെ മക്കള്‍ ഒരുപാടു പേരുണ്ടായിരുന്നു കൂടെ. ഞങ്ങളൊന്നും മതമില്ലായ്‌മയെക്കുറിച്ചല്ല ചിന്തിച്ചത്‌. മതനിഷേധത്തെക്കുറിച്ചുമല്ല. മതങ്ങളുടെ സമന്വയങ്ങളെക്കുറിച്ചും നന്മയെക്കുറിച്ചുമാണ്‌.

ഞങ്ങള്‍ ഖുര്‍-ആന്‍ വായിച്ചു, പ്രാര്‍ത്ഥിച്ചു, നൊയമ്പുനോക്കി. ആരുടെയും നിര്‍ബന്ധത്തിലല്ല. ചില വഴികളിലൂടെ ചില നേരങ്ങളില്‍ നടന്ന്‌ അമ്പലനടയിലെത്തി. ക്രൂശിതരൂപത്തിനു മുന്നില്‍ മുട്ടുകുത്തി. അപ്പോഴൊക്കെ മൂന്നാംക്ലാസില്‍ സാമൂഹ്യപാഠം പഠിപ്പിച്ച അമ്മിണി ടീച്ചറെ ഓര്‍ത്തു. ഏത്‌ ആരാധാനലയം കണ്ടാലും ശിരസ്സുനമിക്കണമെന്ന്‌്‌ അവര്‍ ഒരിക്കല്‍ പറഞ്ഞത്‌ എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. എന്നാല്‍ അഞ്ചാംക്ലാസിലെ മധ്യവേനലവധിക്ക്‌ നാട്ടില്‍ പോയപ്പോള്‍ അമ്മായി എന്നെ വീണ്ടും ഓത്തുപള്ളിയിലെ രണ്ടാംക്ലാസ്സില്‍ ചേര്‍ത്തു. അനുഷ്‌ഠാനങ്ങളെക്കുറിച്ചുള്ള പുസ്‌തകത്തിലെ ഹൈളും നിഫാസും എന്തെന്നറിയാതെ അന്തിച്ചു. 'സംഭോഗത്തിനുശേഷം കുളിക്കണം, കുളിച്ചാലേ ശുദ്ധിയാവൂ' എന്നുവായിച്ച്‌ വിഡ്‌ഢിയായി. അഞ്ചാംക്ലാസുകാരിക്ക്‌ എന്താണ്‌ മനസ്സിലാവുക? (ഞാനല്‌പം പുറകിലാണ്‌. സാധാരണ സ്‌കൂളില്‍ മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ്‌ മദ്രസയില്‍ രണ്ടിലെത്തുന്നത്‌)

ഏഴാംക്ലാസിലെ കുട്ടി മതനിരപേക്ഷതയെക്കുറിച്ചുള്ള പാഠം പഠിക്കുന്നത്‌ അനുചിതവും അനവസരത്തിലുമാണെന്ന്‌ ചിലര്‍ക്ക്‌ തോന്നുന്നുണ്ടെങ്കില്‍ അവിടെ വലിയ അശുദ്ധിയും ചെറിയ അശുദ്ധിയും പഠിക്കുന്നത്‌ ഏഴോ എട്ടോ വയസ്സിലാണെന്നോര്‍ക്കണം. ' മതമില്ലാത്ത ജീവന്‍' എന്ന പാഠം കണ്ട്‌ സമരത്തിനിറങ്ങുന്ന മതമേധാവികളും, സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയക്കാരുമറിയണം ഞങ്ങള്‍ ആ പാഠം കണ്ട്‌ അതിയായി സന്തോഷിക്കുന്നുവെന്ന്‌. അതില്‍ ഒരു മതവികാരവും വ്രണപ്പെടാനില്ലെന്ന്‌.

രാജീവിനെയും സോണിയയെയും, ടി.വി തോമസിനെയും ഗൗരിയെയും, വയലാര്‍ രവിയെയും മേഴ്‌സിയെയും കണ്ട്‌ ഒരാവേശം തോന്നിയിരുന്നു വിവാഹത്തിന്‌ മുമ്പെന്ന്‌ അമ്മ പറഞ്ഞു. മുതിര്‍ന്നപ്പോള്‍ എനിക്ക്‌ ക്രിസ്‌ത്യാനി പ്പയ്യനെ പ്രണയിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഒരാള്‍ക്കും എന്റെ മനസ്സില്‍ കേറിക്കൂടാന്‍ കഴിഞ്ഞില്ല. നെഹ്‌റു യുവകേന്ദ്രയില്‍ എന്‍. എസ്‌. വി. ആയിരുന്നപ്പോള്‍ ആഴ്‌ചക്കൊന്ന്‌ വെച്ച്‌ തൊടുപുഴയില്‍ പോകണമായിരുന്നു. അവിടെ നിന്ന്‌ എന്നെകണ്ട റഫീക്കിന്‌ വിവാഹം കഴിക്കണമെന്നു തോന്നി. എന്റെ പേരിലെ മതമായിരുന്നു അവന്റെ കല്ല്യാണാലോചനക്ക്‌ കാരണം. പലവട്ടം എന്നെ ഫോണ്‍ ചെയ്‌ത്‌ ചോദിച്ചു. പക്ഷേ വിവാഹത്തെക്കുറിച്ച്‌ കൃത്യമായ കാഴ്‌ചപ്പാടുണ്ടായിരുന്നതുകൊണ്ട്‌ ഒരുദിവസം അവന്റെ ഓഫീസിലേക്ക്‌ ഞാന്‍ കയറിച്ചെന്നു. ധൈര്യപൂര്‍വം എന്റെ അമ്മ 'ലക്ഷ്‌മീദേവി'യാണെന്നു പറഞ്ഞു. അവന്റെ മുഖം കരുവാളിച്ചു അപ്പോള്‍.

പലപ്പോഴും സങ്കരയിനം എന്ന്‌ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്‌. 'ടി x ഡി വിത്ത്‌ ' എന്നു വിളിച്ച്‌ ഭര്‍ത്താവ്‌ കളിയാക്കാറുമുണ്ട്‌. അതേ ഞങ്ങള്‍ ടി x ഡി കളാണ്‌. സമ്മതിക്കുന്നു. ഞങ്ങളുടെ പേര്‌ എന്തുതന്നെയായാലും ഞങ്ങള്‍ ആകാശമിഠായികളാണ്‌, ആകാശമിഠായികള്‍ മാത്രം!

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
എന്തു മനോഹരമായ രണ്ടു ലേഖനങ്ങള്‍...പോസ്റ്റിന്റെ നീളം കൂടിയെങ്കിലും സാരമില്ല, നിങ്ങളുടെ അഭിപ്രായങ്ങളെ മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പാര്‍ട്ടിയുടെയും കണ്ണട വയ്ക്കാതെ ഒന്നവലോകനം ചെയ്യൂ......സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച്...എന്നിട്ടു പറയൂ , ഇപ്പോഴുഹ്ം അയിത്തം മനസില്‍ സൂക്ഷിക്കുകയും ജാതീയ വേര്‍തിരിവുണ്ടാക്കുകയും ചെയ്യുന്നതാരെന്ന്..

(ഞാന്‍ കമ്യൂണിസ്റ്റുകാരനല്ല, എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷം കാട്ടുന്നത് മുസ്ലീ‍ീം ലീ‍ീനെ അനുനയിപ്പിക്കാനും പബ്ലിസിറ്റിക്കും വേണ്ടിയുള്ള ചീപ്പ് നമ്പരുകള്‍...അതിനു മറുപടിയായി സഖാക്കള്‍ ചെയ്യുന്നതും പറയുന്നതും അതിനേക്കാള്‍ അന്ധമായതും ചീപ്പായതും ആയ പാര്‍ട്ടിപ്രേമം...)


PRINTസ്നേഹപൂര്‍വ്വം
അഹങ്കാരി

6 അഭിപ്രായങ്ങൾ:


    ഏഴാം ക്ലാസ് പാഠപുസ്തക വിവാദം കത്തിക്കയറുന്നു...സെക്സ് പുസ്തകമായാലും പുസ്തകത്തെ ഈശ്വരനായി കണ്ട ഒരു സംസ്കാരത്തിന്റെ ചിതകൊളുത്താന്‍ ദൈവവിശ്വാസികള്‍ പുസ്തകങ്ങള്‍ക്ക് തീകൊടുക്കുന്നു...

    പുതിയ പോസ്റ്റ്...രണ്ടു മനോഹരമായ ലേഖനങ്ങള്‍ കോപ്പിയടിച്ച് എഴുതിയ ഒന്ന്



  1. Nishan said...
  2. "സ്കൂളില്‍ ചേര്‍ക്കാനുള്ള ഫോമില്‍ ജാതി/മതം എന്നത് ഓപ്ഷണല്‍ എന്‍‌ട്രി ആക്കാനുള്ള ചങ്കൂറ്റം ഉണ്ടോ നിങ്ങള്‍ക്ക്????"

    സ്കൂള്‍ ഫോമിലെ ജാതി/മതം ഇപ്പോ തന്നെ ഓപ്ഷണല്‍
    ആണ്. ഇതു സംബന്ധിച്ച് ഒരു സുപ്രീം കോടതി വിധിയുണ്ട്. ലിങ്ക് കിട്ടിയാല്‍ പോസ്റ്റാം.


    nishan

    Thank you for your valuble info.

    I mean that eny one can select their caste on their own wish...

    ആദ്യ ലേഖനത്തിലെ വില്ലേജ് ഓഫീസറുടെ വാദം ശ്രദ്ധിക്കുക, അതൊഴിവാക്കാമോ എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്...

    സുപ്പ്രീംകോടതി വിധികളിലെത്ര എണ്ണം അനുസരിക്കപ്പെടുന്നു??

    ഇന്നും ജാതി പറയാത്തതിന്റെ പേരില്‍ ചിലര്‍ക്കെങ്കിലും അഡ്മിഷന്‍ നഷ്ടപ്പെടുന്നില്ലേ???

    ജാതി പറഞ്ഞില്ലെങ്കില്‍ സംവരണമോ?????

    ഏതായാലും ലിങ്ക് അയയ്ക്കൂ...
    (കേരളത്തില്‍ മകന്റെ ജാതി കാസ്സ്റ്റ്ലെസ്സ്സ് എന്നു വയ്ക്കാന്‍ ഒരു മാഷ് നടത്തീയ നിയമയുദ്ധത്തില്‍ കോടാതി അത്തരമൊരു വിധി പുറപ്പെടുവിച്ചു എന്നാണെന്റെഅറിവ്...)



  3. Balu said...
  4. ജാതി optional ആക്കിയാല് riservation ഉള്ളവര് ജാതി എഴുതും. അല്ലാത്തവര് എഴുതിയാലും എന്ത് ഫലം. riservstion ഒന്നുമില്ല കിട്ടാന് എങ്കില് ആരെങ്കിലും ജാതി ഓര്ക്കുമോ? ജാതി ഒക്കെ വേണമെകില് ആയിക്കോ, അത് മനസിനെ മലിനമാക്കാതിരുന്നാല് മതി. പഠിത്തത്തിലും ഉദ്യോഗത്തിലും എല്ലാവരും കഴിവ് തെളിയിച്ചു വളരട്ടെ. പിനോക്കക്കര്ക് രാക്ഷ്ട്രീയക്കാര് വച്ചു നീട്ടുന്ന ഔദാര്യമല്ലേ ഈ reservation. ഇനിയും അതിന്റെ പുറകെ പോകണോ. വോട്ട് ഉള്ളിടത്തോളം ജാതി ഉണ്ടാകും. പിന്നോക്കക്കാര് reservation വേണ്ടാന്ന് പറഞ്ഞാലും രാക്ഷ്ട്രീയക്കാര് വിടില്ല. ഹൊ കഷ്ട്ടം.

  5. ടോട്ടോചാന്‍ said...
  6. രണ്ടാമത്തെ ലേഖനമുണ്ടല്ലോ അത് വളരെ നന്നായി.
    ഒന്നൂ കൂടി പറഞ്ഞാല്‍ അടിപൊളി.
    മതവും ജാതിയും ചേര്‍ക്കാതെ ജീവിക്കുന്ന ലക്ഷങ്ങളുണ്ട് കേരളത്തില്‍. അവരെ ആരും ശ്രദ്ധിക്കുന്നില്ല. എന്നാല്‍ ഒരു ഏഴാം ക്ളാസ് പാഠപുസ്തകത്തിന് സാധിച്ചു.
    മതത്തിനും ജാതിക്കും അതീതരായ ജനങ്ങള്‍ ഉണ്ടെന്ന് കാണിച്ചു കൊടുക്കാന്‍.
    ഏതും ഏഴാം ക്ളാസുകാര്‍ക്ക് മാത്രമല്ല മറിച്ച് സമൂഹത്തിനാകെയും.

    അത് പിന്‍വലിച്ചാല്‍ അതാണ് ദേശദ്രോഹം.

  7. Rejeesh Sanathanan said...
  8. ഏഴാം ക്ലാസ്സിലെ ആ ‘വിവാദ’ പാഠഭാഗം പഠിക്കുന്ന കുട്ടികള്‍ നിരീശ്വര വാദികളാകും.തെളിവ് തരാം. ഇതിന് സമാനമായ ഒരു സംഭവം എന്‍റെ നാട്ടിലുണ്ടായി. ഞങ്ങളുടെ പ്രദേശത്തെ ക്ഷേത്രത്തിന്‍റെ മതിലില്‍ ഏതോ യുക്തി വാദികള്‍ ഈശ്വരനും മതത്തിനും, എതിരായ ഒരു ലേഖനം ഒട്ടിച്ചു. അത്ഭുതം എന്ന് പറയട്ടെ .ഞങ്ങളുടെ നാട്ടുകാര്‍ എല്ലാം നിരീശ്വര വാദികളായി. ആ ക്ഷേത്രം ആള് വരാതായപ്പോള്‍ അടച്ചു പൂട്ടി. ഇപ്പോള്‍ ആ ക്ഷേത്രത്തിന്‍റെ സ്ഥാനത്ത് യുക്തി വാദ സംഘത്തിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നു . സത്യം

കമന്റെഴുതണോ??? ദാ ഇവിടെ...